പൗരത്വപ്രക്ഷോഭം: ജയിലിൽ കോവിഡ് ബാധിച്ച അഖിൽ ഗോഗോയിക്ക് ചികിത്സ ആവശ്യപ്പെട്ട് പ്രമുഖർ
text_fieldsഗുവാഹത്തി: പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിന് ജയിലിലടച്ച കർഷക നേതാവ് അഖിൽ ഗോഗോയിക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രമുഖർ. ഗൊഗോയിക്കും ആശുപത്രിയിൽ കഴിയുന്ന മറ്റുതടവുകാർക്കും മികച്ച ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് അസമിലെ നൂറിലേറെ എഴുത്തുകാരാണ് മുഖ്യമന്ത്രി സർബാനന്ദ സോനോവലിന് തുറന്ന കത്ത് നൽകിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) പ്രതിഷേധിച്ചതിന് അറസ്റ്റിലായ എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സി.എ.എക്കെതിരായ സമരം നടത്തിയതിന് 2019 ഡിസംബർ 27നാണ് അഖില്‍ ഗൊഗോയിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. “ജനങ്ങളുടെ പ്രക്ഷോഭത്തിനും കോടതി ഇടപെടലിനും ശേഷമാണ് ഗോഗോയിയെയും സഹപ്രവർത്തകരെയും കോവിഡ് പരിശോധനക്ക് പോലും വിധേയമാക്കിയത്. ഈ സാഹചര്യത്തിൽ രാഷ്ട്രീയ തടവുകാരുടെ ഭരണഘടനാപരമായ മനുഷ്യാവകാശങ്ങൾ ഹനിക്കുന്നതിൽ പൗരന്മാർ ആശങ്കാകുലരാണ്’’ -കത്തിൽ ചൂണ്ടിക്കാട്ടി.
പ്രമുഖ എഴുത്തുകാരായ നിൽമാനി ഫൂക്കൻ ജൂനിയർ, ഹിരേൻ ഗോഹൈൻ, പ്രഭാത് ബോറ, അപുർബ ശർമ്മ, ജ്ഞാന പുജാരി, അരൂപ കലിത പതാൻജിയ, സമീർ തന്തി, മൗസുമി കാണ്ഡാലി, നിലീം കുമാർ, രത്‌ന ഭരലി താലുദോദ്, കമൽ കുമാർ തന്തി, ദലിം ദാസ്, അങ്കുർ രഞ്ജൻ ഫുകാൻ, മൈത്രയേ പതാർ, കുകിൽ സൈകിയ, പഞ്ചനൻ ഹസാരിക തുടങ്ങിയവർ കത്തിൽ ഒപ്പുവെച്ചു.
ക്രിഷക് മുക്തി സന്‍ഗ്രം സമിതി നേതാക്കളായ ഗോഗോയി, ധർജ്യാ കോൻവാർ, ബിറ്റു സോനോവാൽ എന്നിവരുൾപ്പെടെ ഗുവാഹത്തി സെൻട്രൽ ജയിലിലെ 55 തടവുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഖിൽ ഗൊഗോയി അടക്കമുള്ള രാജ്യത്തെ മുഴുവൻ മനുഷ്യാവകാശ, രാഷ്ട്രീയ തടവുകാരെയും കോവിഡ് പശ്ചാത്തലത്തിൽ വിട്ടയക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.